പ്രളയദുരിതം : ആസ്റ്റർ വോളണ്ടിയേഴ്‌സ് 45,000 പേർക്ക് സഹായ ഹസ്തമേകി

Posted on: August 21, 2019

ദുബായ് : ഇന്ത്യയിൽ പ്രളയദുരിതത്തിൽപെട്ട 45,000 പേർക്ക് ആസ്റ്റർ വോളണ്ടിയേഴ്‌സ് സഹായ ഹസ്തമേകി. ആസ്റ്റർ ഗ്ലോബൽ സി എസ് ആർ പദ്ധതിയുടെ ഭാഗമായി 1,100 അംഗങ്ങൾ കേരളത്തിലും കോൽഹാപൂരിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സ്റ്റർ വോളണ്ടിയേഴ്‌സിന്റെ ഈ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

കേരളത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ, 600 ൽ അധികം ആസ്റ്റർവോളണ്ടിയേഴ്‌സിന്റെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ 37,000 ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ സാധിച്ചു. 30 ദുരിതാശ്വാസ ക്യാമ്പുകളും, 63 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമേ, പ്രളയ ബാധിതർക്കായി ഒരു ടൺ അരി, ഭക്ഷണ പാക്കറ്റുകൾ, ആവശ്യമായ മരുന്നുകളുടെ വലിയ ശേഖരം എന്നിവ കൂടാതെ കുടിവെളളം, വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, ഫ്‌ളോർ മാറ്റുകൾ, മോപ്പുകൾ, ക്ലോറിൻ ടാബ്‌ലെറ്റ്‌സ് എന്നിവയും ആസ്റ്റർ വോളണ്ടിയേർസ് എത്തിച്ചു നൽകി.

കോൽഹാപൂരിലെ സ്റ്റാർ ആധാർ ഹോസ്പിറ്റലിലെ 500 ആസ്റ്റർ വോളണ്ടിയേഴ്‌സ് രംഗത്തിറങ്ങുകയും ദിവസേന 400 ഭക്ഷണ പാക്കറ്റുകൾ ദുരിതബാധിതർക്ക് എത്തിച്ചുനൽകുകയും ചെയ്തു. പളയം ശക്തമായ ദിനങ്ങളിൽ 12,000 പേർക്ക് ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു. കൂടാതെ പ്രളയം നാശം വിതച്ച ദിനങ്ങളിൽ 35 ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുകയും 8 ആംബുലൻസുകൾ വിട്ടുനൽകുകയും ചെയ്തു.