സന്തോഷ്‌കുമാറിന് എം. എ. യൂസഫലി അഞ്ചുലക്ഷം രൂപ നല്‍കി

Posted on: July 12, 2019


മുതുകുളം : വൃക്ക രോഗത്താല്‍ അവശതയനുഭവിക്കുന്ന സന്തോഷ് കുമാറിനും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലിയുടെ സഹായഹസ്തം. മാതൃഭൂമിയിലൂടെ സന്തോഷ്‌കുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞാണ് എം. എ. യൂസഫലി അഞ്ചുലക്ഷം രൂപ ചികിത്സയ്ക്കായി നല്‍കിയത്. ലുലു ഗ്രൂപ്പ് പ്രതിനിധി എന്‍. ബി. സ്വരാജ് വീട്ടിലെത്തി തുക സന്തോഷ്‌കുമാറിന് കൈമാറി.

മുടങ്ങുമായിരുന്ന സന്തോഷ് കുമാറിന്റെ മൂത്തമകള്‍ പാര്‍വതിയുടെ തുടര്‍പഠനം കളക്ടര്‍ അദീല അബ്ദുള്ളയുടെ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ജെ.ഡി.ടി. കോളേജില്‍ പോളി ടെക്‌നിക്കിന് ചേര്‍ന്നു.

മുതുകുളം വടക്ക് വൃന്ദാവനം വീട്ടില്‍ സന്തോഷ്‌കുമാറിന്റെ ജീവനുവേണ്ടി കുടുംബം കാരുണ്യം തേടുന്ന വാര്‍ത്ത ജൂണ്‍ 19 ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ ശാന്തിയും രണ്ട് പെണ്‍മക്കളും 80 വയസ്സുള്ള രോഗിയായ അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു സന്തോഷ് കുമാര്‍.

ഹോട്ടലിലെ പാചകക്കാരനായിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ ജനുവരിയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേഹം കുറച്ചുദിവസം വെന്റിലേറ്ററിലുമായിരുന്നു. ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

അനുദിനം ആരോഗ്യസ്ഥിതി മോശമായി വരുന്നതിനാല്‍ എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡയാലിസിസിന് പോലും മാര്‍ഗമില്ലാതെ വിഷമിക്കുന്ന കുടുംബത്തിന് ഇനിയും കൂടുതല്‍ സഹയം ആവശ്യമാണ്.

TAGS: M A Yusaf Ali |