27.5 ലക്ഷം രൂപ ചെലവിട്ട് നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് എം.എ. യൂസഫലി രണ്ട് വീടുകള്‍ നല്‍കി

Posted on: May 22, 2019

തിരുവനന്തപുരം : പരിശുദ്ധ റംസാന്‍ മാസത്തില്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കിയത്. വട്ടിയൂര്‍ക്കാവ്, ഇലിപ്പോട് വലിയവിളാകത്ത്മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തില്‍ പാണയം ധൂളിക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ സിന്ധുവിനുമാണ് റംസാനിലെ പുണ്യം പകര്‍ന്ന് എം.എ. യൂസഫലി വീട് നല്‍കിയത്. ഇരുവീടുകളും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ജോയ് ഷഡാനന്ദന്‍ കൈമാറി.
ഭര്‍ത്താവ് മരണപ്പെട്ട, മാനസികരോഗമുള്ള മകനേയും കുടുംബത്തേയും സംരക്ഷിച്ച് കഴിയുന്ന, തന്റെ നിസ്സഹായാവസ്ഥ കത്ത് മുഖേനയാണ് എം.എ. യൂസഫലിയെ ബീമാക്കണ്ണ് അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ബീമാകണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് 12 ലക്ഷംരൂപ ചെലവില്‍ എം.എ. യൂസഫലി വീട് നിര്‍മ്മിച്ചത് നല്‍കിയത്.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ചരുവിള പുത്തന്‍വീട്ടില്‍ സിന്ധുവിന്റെയും മക്കളുടേയും ദുരവസ്ഥ എം.എ. യൂസഫലി അറിയാനിടയായത്. റോഡരികില്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയില്‍ 17 വയസ്സായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഒരു സെന്റ്സ്ഥലം പോലും ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എം.എ. യൂസഫലി അടിയന്തിരപ്രാധാന്യത്തോടെ ഈ വിഷയത്തില്‍ ഇടപെടുകയും അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും 15.5 ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിനായി വാങ്ങി നല്‍കി. സിന്ധുവിനും മക്കള്‍ക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകള്‍ കൈമാറി.

TAGS: Lulu Group | Yusaf-ali |