400 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഇൻഡിഗോയ്ക്ക് അനുമതി

Posted on: March 30, 2015

Indigo-Airlines-big

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന് 2025 ന് മുമ്പ് 400 വിമാനങ്ങൾ കൂടി ഇറക്കുമതി ചെയ്യാൻ അനുമതി. ഇതോടെ ഇൻഡിഗോ ഫ്‌ലീറ്റിൽ 550 വിമാനങ്ങളുണ്ടാകും. അടുത്തയിടെ 12 പുതിയ വിമാനങ്ങൾ ഇൻഡിഗോ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ പദ്ധതി ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലീറ്റ് വികസനമാകും.

2006 ൽ 100 എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിക്കൊണ്ടാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചത്. 2011 ൽ 180 ഉം 2014 ൽ 250 ഉം വിമാനങ്ങൾക്ക് ഇൻഡിഗോ ഓർഡർ നൽകി. ഇവയിൽ 150 വിമാനങ്ങൾക്ക് 2010 മെയ് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചിരുന്നു. 2014 ഡിസംബറിലാണ് 400 വിമാനങ്ങളുടെ ഇറക്കുമതിക്ക് ഇൻഡിഗോ അപേക്ഷ സമർപ്പിച്ചത്.

നിലവിൽ 93 എയർബസ് എ 320 വിമാനങ്ങളാണ് ഇൻഡിഗോ ഫ്‌ലീറ്റിലുള്ളത്. പ്രതിദിനം 37 ഡെസ്റ്റിനേഷനുകളിലേക്കായി 613 സർവീസുകളാണ് ഇപ്പോൾ ഇൻഡിഗോ നടത്തുന്നത്.