വിജയബാങ്ക് 100 ശാഖകൾ തുറക്കും

Posted on: March 27, 2015

Vijaya-Bank-Logo-Big

ബംഗലുരു : വിജയ ബാങ്ക് 2015 ൽ 100 ശാഖകൾ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ സാൻസി പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും മുൻഗണന. നിലവിൽ 1600 ശാഖകളാണ് വിജയ ബാങ്കിനുള്ളത്.

ഇതിൽ 526 ശാഖകൾ കർണാടകത്തിലാണ്. ബംഗലുരുവിൽ മാത്രം 86 ശാഖകളുണ്ട്. പുതുതായി 1,900 ജീവനക്കാർക്ക് മെയ് മാസത്തിൽ ജോലിക്കു ചേരും. നിലവിൽ 13,686 ജീവനക്കാരാണുള്ളത്. പൊതുമേഖല ബാങ്കുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരുള്ളത് വിജയ ബാങ്കിലാണ്. ജീവനക്കാരുടെ ശരാശരി പ്രായം 40 വയസാണെന്നും സാൻസി ചൂണ്ടിക്കാട്ടി.

1,25,000 കോടിയുടെ നിക്ഷേപവും 83,000 കോടിയുടെ വായ്പയും ഉൾപ്പടെ 2,08,000 കോടി രൂപയുടെ ബിസിനസാണ് വിജയ ബാങ്കിനുള്ളത്. പുതിയ 100 ശാഖകൾ തുറക്കുമ്പോൾ 10,000 കോടിയുടെ നിക്ഷേപവും 5,000 കോടിയുടെ വായ്പയും പുതുതായി വർധിക്കും. പത്ത് ലക്ഷത്തോളം പുതിയ ഇടപാടുകാരെയും ബാങ്കിന് ലഭിക്കും.

വിജയ ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 1.92 ശതമാനം മാത്രമാണ്. പൊതുമേഖല ബാങ്കുകളിലെ ഏറ്റവും കുറഞ്ഞ എൻപിഎ ആണിത്. എൻപിഎ 20 ബേസിസ് പോയിന്റ് കുറയ്ക്കാനാണ് ഈ വർഷം ലക്ഷ്യമിട്ടിട്ടുള്ളതെന്നും കിഷോർ സാൻസി പറഞ്ഞു.