കേരളത്തില്‍ ടൂറിസം സര്‍വകലാശാലയുടെ സാധ്യത പരിശോധിക്കും : മന്ത്രി റിയാസ്

Posted on: September 27, 2023

തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ടൂറിസം സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കിറ്റ്‌സ് ക്യാമ്പസില്‍ ലോക ടൂറിസം ദിനത്തിന് മുന്നോടിയായി നടന്ന ‘ടേക്ക് ഓഫ് 23 അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്തി. ആഗോളതലത്തില്‍ ജോലിലഭ്യമാക്കുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള പഠന, പരിശീലന സംവിധാനമാണ് വികസിപ്പിക്കുക. കിറ്റ്‌സ്, ഫുഡ് ക്രാഫ്റ്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടൂറിസം പഠനകേന്ദ്രങ്ങളുടെ ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ അനുദിനം വളരുകയാണ്.

ഭാവിയില്‍ ടൂറിസം മേഖല അത്യപൂര്‍വമായ വളര്‍ച്ച കൈവരിക്കും. അത് മനസ്സിലാക്കിക്കൊണ്ടാണ് കേരള ടൂറിസം മുന്നോട്ട് പോകുന്നത്. പുതിയ കാലത്തിന് അനുസൃതമായി ടൂറിസം കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകടൂറിസം ദിനതോടനുബന്ധിച്ച് കീറ്റ്‌സിലെ വിദ്യാര്‍ഥികള്‍ക്കായി ടൂറിസം റീല്‍സ്, ക്വിസ് മത്സരങ്ങള്‍ നടത്തുമെ
ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കിറ്റ്‌സ് ഡയറക്ടര്‍ എം ആര്‍ ദിലീപ്, പ്രിന്‍സിപ്പല്‍ ബി രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.