കേരളത്തിലെ സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയില്‍ : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Posted on: March 5, 2024

കൊച്ചി : കേരളത്തിലെ സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന സാഹസിക ടൂറിസം മത്സരങ്ങളായ പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ് ഫെസ്റ്റിവലുകളുടെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം മാര്‍ച്ച് 14 മുതല്‍ 17 വരെ ഇടുക്കി ജില്ലയിലെ വാഗമണില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (പി.എ.ഐ) യുടെ പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറിലധികം അന്തര്‍ദേശീയ-ദേശീയ-പ്രശസ്ത ഗ്ലൈഡറുകള്‍ ഫെസ്റ്റിവലിനെത്തും. 15ലധികം രാജ്യങ്ങള്‍ ഈ പതിപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഫെസ്റ്റിവലിലുണ്ടാകും. കൂടാതെ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബി നൂഹ് പങ്കെടുത്തു.