കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തില്‍

Posted on: September 23, 2023

തിരുവനന്തപുരം : 2017ല്‍ ഓടിത്തുടങ്ങിയതിനു ശേഷം ഇതാദ്യമായി കൊച്ചി മെട്രൊ റെയ്ല്‍ പ്രവര്‍ത്തനലാഭത്തിലെത്തി. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 145 ശതമാനം വര്‍ധനവുണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് വരുമാനം 134.04 കോടി രൂപയായായാണ് ഉയര്‍ന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇതിനു കാരണം. 5.35 കോടിയാണ് ഇത്തവണത്തെ പ്രവര്‍ത്തനലാഭം.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. മെട്രൊ നിര്‍മാണത്തിനും സാങ്കേതിക വിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേക്കു മെട്രൊ നീട്ടുന്ന പ്രവൃത്തികളും നടന്നുവരുന്നു.

”മെട്രൊ ആരംഭിച്ച 2017 ല്‍ 59,894 പേരാണ് യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പരിശ്രമങ്ങളുടെ ഫലമായി കൂടുതല്‍ യാത്രക്കാരെ എത്തിക്കാന്‍ സാധിച്ചു. ഇക്കൊല്ലം ജനുവരിയില്‍ ശരാശരിയാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികമാവുകയും ചെയ്തു- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമാണ്. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ആവിഷ്‌കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നു എന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും – മുഖ്യമന്ത്രി പറഞ്ഞു.