ധന്‍ വര്‍ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി എല്‍ഐസി

Posted on: October 19, 2022

കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)’ധന്‍വര്‍ഷ’ എന്ന പേരില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് സംരക്ഷണത്തോടൊപ്പം സമ്പാദ്യവും പ്രോത്സാഹിപ്പിക്കുന്നതും ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത, ഒറ്റത്തവണ പ്രീമിയം അടയ്‌ക്കേണ്ട വ്യക്തിഗത പദ്ധതിയുമാണിത്.

പോളിസി കാലയളവിനിടെ പോളിസി ഉടമ മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തികസഹായം ലഭ്യമാകും. 10, 15 വര്‍ഷ കാലാവധികളിലുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. 10 വര്‍ഷത്തെ പദ്ധതിയില്‍ അംഗമാകാന്‍ എട്ടുവയസ്സും 15 വര്‍ഷത്തിന് മൂന്നുവയസ്സുമാണ് കുറഞ്ഞ പ്രായം. തെരഞ്ഞെടുക്കുന്ന പോളിസിയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 35 മുതല്‍ 60 വയസ്സുവരെയാണ് അനുവദിച്ചിരിക്കുന്ന പരമാവധി പ്രായം.

കുറഞ്ഞ അടിസ്ഥാന സം അഷ്വര്‍ഡ് തുക 1,25,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. ഈ പോളിസിക്കുമേല്‍ വായ്പസൗകര്യം ഉണ്ടായിരിക്കുമെന്നും എല്‍ഐസി അറിയിച്ചു. 2023 മാര്‍ച്ച് 31 വരെ പദ്ധതി ലഭ്യമാകും. എല്‍ ഐസി ഏജന്റുമാര്‍, ലൈഫ് ഇന്‍ഷുറന്‍സ് പിസി, പൊതുസേവനകേന്ദ്രങ്ങള്‍ തുടങ്ങിയവയിലൂടെ ഓഫ്‌ലൈനായും എല്‍ഐസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും പോളിസി വാങ്ങാം.

ഗുണഭോക്താക്കളുടെ സൗകര്യമനുസരിച്ച് പുതിയ തരം പോളിസികള്‍ അവതരിപ്പിക്കുന്ന എല്‍ഐസി 2022 സാമ്പത്തികവര്‍ഷം വില്പ്പനയില്‍ മികച്ച വാര്‍ഷികവളര്‍ച്ചയാണ് കൈവരിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 3.54 ശതമാനം വര്‍ധനയോടെ 2,17,18,696 പോളിസികള്‍ വിറ്റഴിച്ചു.

ഓരോ മിനിറ്റിലും 41 എന്ന തോതിലായിരുന്നു പോളിസി വില്പന. കോര്‍പറേഷന്റെ വിപണിവിഹിതം 74.60 ശതമാനമായി വര്‍ധിക്കുകയും ആദ്യവര്‍ഷ പ്രീമിയത്തില്‍ 7.92 ശതമാനം വര്‍ധന നേടുകയും ചെയ്തു. എല്‍ഐസി പോളിസികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് www.licindia.in എന്ന വെബ്‌സൈറ്റ് നോക്കുക.

 

TAGS: LIC |