ഒലകാബ്‌സ് 1250 കോടി രൂപയ്ക്ക് ടാക്‌സിഫോർഷുവർ വാങ്ങുന്നു

Posted on: January 29, 2015

OLA-Cabs-Taxi-big

ബംഗലുരു : ഒലകാബ്‌സ് (200 മില്യൺ ഡോളർ) 1,250 കോടി രൂപയ്ക്ക് ടാക്‌സിഫോർഷുവർ വാങ്ങാൻ ഒരുങ്ങുന്നു. ഇതോടെ ഒലകാബ്‌സ് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ടാക്‌സി ഓപറേറ്റർമാരാകും. നേരത്തെ കാർസ്ഓൺറെന്റും ഊബറും, ടാക്‌സിഫോർഷുവർ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഒലകാബ്‌സിന് രാജ്യത്തെ 67 നഗരങ്ങളിലും ടാക്‌സിഫോർഷുവറിന് 43 നഗരങ്ങളിലും സാന്നിധ്യമുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് ഊന്നൽ നൽകിയാണ് ടാക്‌സിഫോർഷുവറിന്റെ ബിസിനസ്.

മുംബൈ ഐഐടി അലുമിനികളായ ഭാവിഷ് അഗർവാളും അങ്കിത് ഭട്ടിയും ചേർന്ന ബംഗലുരുവിൽ സ്ഥാപിച്ച ഒലകാബ്‌സിൽ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് കഴിഞ്ഞ ഒക്ടോബറിൽ 210 മില്യൺ ഡോളറിന്റെ മൂലധന നിക്ഷേപം നടത്തിയിരുന്നു.

Taxiforsure-big

അഹമ്മദാബാദ് ഐഐഎം ബിരുദധാരിയായ ജി. രഘുനന്ദനും അപ്രമേയ രാധാകൃഷ്ണയും ചേർന്നാണ് 2011 ൽ ടാക്‌സിഫോർഷുവർ സ്ഥാപിച്ചത്. പ്രാദേശിക ടാക്‌സി ഓപറേറ്ററുമായി ചേർന്നാണ് ടാക്‌സിഫോർഷുവറിന്റെ പ്രവർത്തനം. ടാക്‌സിഫോർഷുവറിൽ രണ്ടു മാസം മുമ്പ് അക്‌സലും ക്വാൽകോമും 30 മില്യൺ ഡോളർ മൂലധന നിക്ഷേപം നടത്തിയിരുന്നു.