ടാറ്റാ മോട്ടോഴ്സിന്റെ വില്പനയുടെ 25 ശതമാനം ഇനി വൈദ്യുത വാഹനങ്ങള്‍

Posted on: August 2, 2021

മുംബൈ : സമീപഭാവിയില്‍ മൊത്തം യാത്രാവാഹന വില്പനയുടെ 25 ശതമാനംവരെ വൈദ്യുതവാഹനങ്ങളാക്കാന്‍ ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്‌സ്. നിലവില്‍ ഇത് രണ്ടുശതമാനം മാത്രമാണ്. കമ്പനിയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തില്‍ ടാറ്റാ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ സമയത്ത് വൈദ്യുതവാഹനങ്ങള്‍ക്കായി പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചു. 2025-നു മുമ്പായി യാത്രാവാഹനവിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കും. കൂടുതല്‍ ദൂരപരിധി ലഭിക്കുന്ന ഇ-ടിഗോര്‍ ഈ സാമ്പത്തികവര്‍ഷംതന്നെ പുറത്തിറക്കും. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്.

ടാറ്റാ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. ബാറ്ററി നിര്‍മാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹംവ്യക്തമാക്കി. 

TAGS: Tata Motors |