മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ കടന്നു

Posted on: June 28, 2021

ഹൈദരാബാദ് : ഇന്ത്യക്കാരനായി മേധാവി സത്യ നാദെല്ലയുടെ നായകത്വത്തില്‍ ആഗോള ടെക് കമ്പനിയായ മൈക്രോ സോഫ്റ്റിന്റെ വിപണിമൂല്യം രണ്ടുലക്ഷം കോടി ഡോളറിന് മുകളിലെത്തി. അതായത്, 148 ലക്ഷം കോടി രൂപ. ആപ്പിള്‍ കഴിഞ്ഞാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ യു.എസ്. കമ്പനിയാണ് മൈക്രോസോഫ്റ്റ്.

ഇടക്കാലത്ത് പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ആയി സത്യ നാദെല്ല എത്തിയതോടെ കമ്പനി നടത്തിപ്പില്‍ കൂടുതല്‍ വ്യക്തത കൈവരികയായിരുന്നു. ക്ലൗഡ് കംപ്യൂട്ടിംഗ്, എന്റര്‍
പ്രൈസ് സോഫ്‌റ്റ്വേര്‍, ഗെയിമിംഗ് എന്നീ രംഗങ്ങളില്‍ സാന്നിധ്യം ശക്തിപ്പെടുത്തിയതാണ് കമ്പനിക്ക്
നേട്ടമായത്. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസുകള്‍ക്ക് ഇത്തരം പുതിയ സാങ്കേതിക വിദ്യകള്‍ വന്‍തോതില്‍ ആവശ്യമായി വന്നതും നേട്ടമായി.

ഓഹരിവില വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് രണ്ടുലക്ഷം കോടി ഡോളര്‍ എന്ന അപൂര്‍വ നേട്ടത്തിലേക്ക് മൈക്രോസോഫ്റ്റ് എത്തിയത്. രണ്ടുവര്‍ഷംകൊണ്ടാണ് വിപണിമൂല്യം ഒരുലക്ഷം കോടി ഡോളറില്‍ നിന്ന് ഇരട്ടിയായത്.

മൈക്രോസോഫ്റ്റിനെക്കാള്‍ മുന്നിലുള്ള ആപ്പിളിന്റെ വിപണിമൂല്യം 2.24 ലക്ഷം കോടി ഡോളറാണ്. മറ്റു വന്‍കിട ടെക് കമ്പനികളായ ആമസോണ്‍, ഗൂഗിള്‍ (ആല്‍ഫബെറ്റ്) എന്നിവ ഈ നേട്ടത്തിലേക്ക് അടുക്കുകയുമാണ്.