എൽ ഐ സി ക്ക് 1.84 ലക്ഷം കോടി പ്രീമിയം വരുമാനം

Posted on: April 22, 2021

മുംബൈ : പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ പുതിയ പ്രീമിയം വരുമാനം കോവിഡ് മഹാമാരിക്കിടയിലും 2020-21 സാമ്പത്തിക വര്‍ഷം 1.84 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് റെക്കോഡാണ്. പോളിസികളുടെ എണ്ണത്തില്‍ വിപണി വിഹിതം 74.58 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചിലെ മാത്രം കണക്കെടുത്താല്‍ 81.04 ശതമാനമാണ് വിപണി വിഹിതം.

വ്യക്തിഗത അഷ്വറന്‍സ് ബിസിനസിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 56,406 കോടി രൂപയുടെ ആദ്യവര്‍ഷ പ്രീമിയം വരുമാനം നേടി, 10.11 ശതമാനം വളര്‍ച്ച. 2.10 കോടി പുതിയ പോളിസികളില്‍ 46.72 ലക്ഷവും മാര്‍ച്ച് മാസത്തിലാണ് നേടിയത്, 298.82 ശതമാനം വളര്‍ച്ച.പെന്‍ഷന്‍, ഗ്രൂപ്പ് സ്‌കീമുകളില്‍നിന്നുള്ള പുതിയ ബിസിനസ് പ്രീമിയം വരുമാനം 1.27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

3,45,469 പുതിയ ഏജന്റുമാരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചേര്‍ത്തു. ഇതോടെ, മൊത്തം ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷം കടന്നെന്ന് എല്‍.ഐ.സി. അറിയിച്ചു. ബാങ്ക് അഷ്വറന്‍സ് മാര്‍ഗങ്ങളിലൂടെ 1,862.73 കോടി രൂപയുടെ പ്രീമിയം വരുമാനം നേടി. എസ്.ഐ.ഐ.പി., നിവേഷ് പ്ലസ് എന്നീ പുതിയ പോളിസികള്‍ അവതരിപ്പിച്ചതോടെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി (യൂലിപ്) വിഭാഗത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായി.

കോവിഡ് മഹാമാരിക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മെച്യൂരിറ്റി ക്ലെയിം, മണി ബാക്ക് ക്ലെയിം, ആന്വിറ്റി എന്നിവയിലായി 2.19 കോടി ക്ലെയിമുകള്‍ തീര്‍പ്പാക്കുകയും 1.16 ലക്ഷം കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്യുകയുമുണ്ടായി. 9.59 ലക്ഷം ഡെത്ത് ക്ലെയിമുകളിലായി 18,137.34 കോടി രൂപ വിതരണം ചെയ്തു.

 

TAGS: LIC |