റിലയൻസ് – ഫ്യൂച്ചർ ഗ്രൂപ്പ് ലയനത്തിന് സെബിയുടെ അനുമതി

Posted on: January 22, 2021

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിനുകീഴിലുള്ള റീട്ടെയില്‍-ലോജിസ്റ്റിക്‌സ് സംരംഭങ്ങള്‍ ഏറ്റെടുക്കാനുള്ള മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന്റെ തീരുമാനത്തിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി. നിബന്ധനകളോടെ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റുതടസ്സങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് സെബി വ്യക്തമാക്കിയിട്ടുള്ളത്.

സെബിയുടെ തീരുമാനം ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് കനത്തതിരിച്ചടിയാണ്. ഫ്യൂച്ചര്‍ കൂപ്പണില്‍ നടത്തിയ നിക്ഷേപത്തിലെ വ്യവസ്ഥകള്‍പ്രകാരം ഇടപാടിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നാണ് ആമസോണിന്റെ ആക്ഷേപം. ഇക്കാര്യമുന്നയിച്ച് ആമസോണ്‍ സിങ്കപ്പൂര്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ സെന്ററിനെ (എസ്.ഐ.എ.സി.) സമീപിച്ച് അനുകൂലമായി ഇടക്കാല ഉത്തരവ് സ്വന്തമാക്കുകയുംചെയ്തു.

എന്നാല്‍, ഉത്തരവിന് ഇന്ത്യന്‍ കോടതികളില്‍നിന്ന് അനുകൂലവിധി നേടാന്‍ ആമസോണിനായിട്ടില്ല. കേസ് ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആമസോണിന്റെ പരാതി തള്ളണമെന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയെങ്കിലും ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇടപാടിലെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് സെബിയുടെ ഇപ്പോഴത്തെ തീരുമാനം.