കപ്പല്‍ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയും ഇറ്റാലിയന്‍ സ്ഥാപനവും ധാരണയില്‍

Posted on: November 7, 2020

ന്യൂഡല്‍ഹി : പരസ്പരസഹകരണത്തിനുള്ള 15 കരാറുകളില്‍ ഇന്ത്യയും ഇറ്റലിയും വെള്ളിയാഴ്ച ഒപ്പുവച്ചു. കപ്പല്‍ നിര്‍മാണം, രൂപകല്പന, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി കൊച്ചി കപ്പല്‍ ശാലയും ഇറ്റലിയിലെ ഫിന്‍സാന്റിയറിയും തമ്മില്‍ ഒപ്പുവച്ച രണ്ടു ധാരണാ പത്രങ്ങളും ഉതിലുള്‍പ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രാധനമന്ത്രി ഗിസപ്പേയും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഒപ്പുവെച്ചത്. ഉഭയകക്ഷിബന്ധത്തിന്റെ പുരോഗതി ഇരു രാജ്യങ്ങളും വിലയിരുത്തി കോവിഡ് പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സഹകരണം ശക്തമാക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. തുടര്‍ന്നാണ് വ്യാപാരം, വ്യവസായം, ഊര്‍ജം, വാതകം, ദൃശ്യ-ശ്രാവ്യ രംഗം, മത്സ്യവ്യവസായം തുടങ്ങിയ മേഖലകളിലായി കരാറുകളിലേര്‍പ്പെട്ടത്.

ഊര്‍ജം, വാതകം എന്നീ രംഗങ്ങളില്‍ ഇറ്റലിയിലെ സ്‌നാം എന്ന് സ്ഥാപനവും അദാനി എന്റര്‍പ്രൈസസും തമ്മില്‍ കരാറുണ്ട്. മത്സ്യമേഖലയിലെ സഹകരണത്തിന് ഇറ്റലിയിലെ അസോയിറ്റികയും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും തമ്മില്‍ കരാറായി. വിദ്യാര്‍ഥികളുടെ കൈമാറ്റപദ്ധതിപ്രകാരം കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഇറ്റലിയിലെ സെലിഗും തമ്മിലും ഉള്ളടക്കം കൈമാറ്റത്തിന് ഇറ്റലിയിലെ ആര്‍. സി. എസ്. മീഡിയയും എ.എന്‍. ഐ. യും തമ്മിലും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

TAGS: Cochin Shipyard |