റിലയൻസ് റീട്ടെയ്‌ലിൽ 3675 കോടിയുടെ നിക്ഷേപവുമായി ജനറൽ അറ്റ്‌ലാന്റിക്

Posted on: October 1, 2020

മുംബൈ: റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപവുമായി മൂന്നാമത്തെ വിദേശ കമ്പനി രംഗത്ത്. 0.84 ശതമാനം ഓഹരികള്‍ക്കായി 3675 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്ലാന്റിക് ആണ് ഇത്തവണ എത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമില്‍ ജനറല്‍ അറ്റ്ലാന്റിക് നേരത്തേ 6598.38 കോടി രൂപ നിക്ഷേപിച്ചിരുന്നു.

15 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 60,000 കോടിമുതല്‍ 63,000 കോടി രൂപവരെ സമാഹരിക്കാനാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനകം യു.എസ്. നിക്ഷേപക കമ്പനികളായ സില്‍വര്‍ ലേക്ക് 7500 കോടി രൂപ ചെലവില്‍ 1.75 ശതമാനം ഓഹരികളും കെ.കെ.ആര്‍. 5500 കോടി രൂപ ചെലവില്‍ 1.28 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്. അബുദാബി ആസ്ഥാനമായുള്ള മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി 7500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ആലോചനയിലാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് വിവരം.

TAGS: Reliance |