കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 19 ആയി ; 15 പേരുടെ നില ഗുരുതരം

Posted on: August 8, 2020

കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ 19 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. 123 പേർക്ക് പരിക്കേറ്റിറ്റുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അല്പ സമയത്തിനുള്ളിൽ കരിപ്പൂർ സന്ദർശിക്കും. ഗവർണറും മുഖ്യമന്ത്രിയും ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യാത്രക്കാരെ സന്ദർശിക്കുകയാണ്. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, സ്പീക്കർ ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും റോഡ് മാർഗം കരിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂർ സന്ദർശിക്കും. ഡിജിസിഎ ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിക്കുകയായിരുന്നു.ലാൻഡ് ചെയ്യാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിനിടെയാണ് ദുരന്തം സംഭവിച്ചത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രക്കാരുമായി ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.