കൊഡാക്ക് ഇന്ത്യയിൽ 500 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: August 6, 2020

മുംബൈ : കൊഡാക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 500 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഉത്തർപ്രദേശിലെ ഹാർപൂരിൽ പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ശേഷിയുള്ള ഫുള്ളി ഓട്ടോമേറ്റഡ് ടിവി പ്ലാന്റ് സ്ഥാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ രണ്ട് അസംബ്ലി ലൈനുകൾ ഫാക്ടറിയിലുണ്ടാകും. 2021 അവസാനത്തോടെ ആദ്യഘട്ടം സജ്ജമാകും. പുതിയ പ്ലാന്റ് 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആൻഡ്രോയ്ഡ് ടിവി നിർമാണത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് ആണ് കൊഡാക്ക് ടിവിയുടെ ഇന്ത്യയിലെ ബ്രാൻഡ് ലൈസൻസി. സൂപ്പർ പ്ലാസ്‌ട്രോണിക്‌സിന് നോയിഡ, ജമ്മു, ഉന എന്നിവിടങ്ങളിൽ മൂന്ന് നിർമാണ പ്ലാന്റുകളുണ്ട്. വാണിജ്യോത്പാദനം ആരംഭിക്കുന്നതോടെ രാജ്യത്തേക്കുള്ള ടിവി ഇറക്കുമതി കുറയ്ക്കാനാകുമെന്ന് സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് സിഇഒ അവനീത് സിംഗ് മാർവ പറഞ്ഞു. ഗൂഗിളുമായി ചേർന്ന് ഉത്പന്നങ്ങൾ വികസിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യും. പുതിയ പ്ലാന്റ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.