അമുൽ ഉത്പന്നങ്ങൾക്ക് 52,000 കോടി രൂപ വിറ്റുവരവ്

Posted on: July 19, 2020

മുംബൈ : അമുൽ ഉത്പന്നങ്ങളുടെ വില്പനയിലൂടെ ഗുജറാത്ത് കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ 2019-20 സാമ്പത്തിക വർഷം 52,000 കോടി രൂപ വിറ്റുവരവ് നേടി. അമുൽ 2024-25 സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയാണ് വിറ്റുവരവ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം 215.96 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചതെന്ന് ചെയർമാൻ രാംസിംഗ് പാർമർ പറഞ്ഞു. ആനന്ദിൽ ചേർന്ന് ജിസിഎംഎംഎഫ് 42 മത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ കമ്പനികൾ പാൽ സംഭരണം നിർത്തിവെച്ചു. എന്നാൽ അമുൽ പ്രതിദിനം 35 ലക്ഷം പാൽ അധികമായി സംഭരിച്ചു. ഇതിലൂടെ 800 കോടി രൂപ അധികമായി ക്ഷീരകർഷകർക്ക് ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരായ ഇന്ത്യ പ്രതിവർഷം 5.5 ശതമാനം വളർച്ച കൈവരിക്കുന്നുണ്ട്. അതേസമയം ആഗോള വളർച്ച രണ്ട് ശതമാനം മാത്രമാണ്. രാജ്യത്ത് 10 കോടി ക്ഷീരകർഷകരാണുള്ളത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടിയുടെ ഡയറി ഇൻഫ്രസ്ട്രക്ചർ ഫണ്ട് 4-5 കോടി ലിറ്റർ പാലിന്റെ അധിക ഉത്പാദനത്തിന് വഴിവെയ്ക്കുമെന്ന് ജിസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടർ ആർ.എസ്. സോധി പറഞ്ഞു. സംഘടിത ക്ഷീരമേഖല ഈ അധിക ഉത്പാദനം സംഭരിച്ച് സംസ്‌കരിക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ 30 ലക്ഷം ആളുകൾക്ക് ജീവനോപാധി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.