ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസവുമായി മില്‍മ

Posted on: August 13, 2020

അമ്പലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസവുമായി മില്‍മ. കാലവര്‍ഷക്കെടുതി നേരിടുന്ന നാലു ജില്ലകളിലെക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതി നായി അടിയന്തരമായി 1.25 കോടി രൂപ അനുവദിച്ചതായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.

ചാക്കൊന്നിന് 1200 രൂപ വിലയുള്ള 500 ചാക്ക് കാലിത്തീറ്റയാണ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ക്കായി നല്‍കുന്നത്. ഇതില്‍ കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട ആലപ്പുഴ ജില്ലയ്ക്ക് 200 ചാക്ക് കാലിത്തീറ്റ നല്‍കും. വരുന്ന ആറുമാസത്തേക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന് 1.20കോടി രൂപയും അനുവദിക്കും.

കാലവര്‍ഷക്കെടുതി നേരിടുന്ന പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായിരിക്കും ഈ സഹായം ലഭിക്കുക. സംഘങ്ങള്‍ വഴിയാണ് ഇവ നല്‍കുന്നത്. മഴക്കെടുതി മൂലം കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭൂരിഭാഗം സംഘങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ സംഭരിക്കാനും വിറ്റഴിക്കാനും കഴിയാതെ വന്നിരിക്കുകയാണ്. ഈ പ്രതിസന്ധി നേരിടാന്‍ പാല്‍ സംഭരണത്തിനു സമാന്തരസംവിധാനം ഏര്‍പ്പെടുത്താന്‍ മേഖലാ യൂണിയന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണെന്ന് കല്ലട രമേശ് പറഞ്ഞു.

ഇതോടൊപ്പം മൃഗചികിത്സാ സൗകര്യവും യൂണിയന്‍ ലഭ്യമാക്കും. ഇത്തവണ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ പുന്നപ്ര ഡയറിയില്‍ മാത്രം രണ്ടായിരം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയക്കെടുതി നേരിട്ട് എല്ലാ പ്രദേശത്തും സഹായമെത്തിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ഇതൊഴിവാക്കാന്‍ സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് തമിഴ്‌നാട്ടില്‍നിന്നെത്തിക്കുന്ന ചോളത്തണ്ട് ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കാനും തീരുമാനിച്ചു.

 

TAGS: Dairy Farmers | MIilma |