യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ കുറച്ചേക്കും

Posted on: July 11, 2020

ദുബായ് : അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ കുറച്ചേക്കും. കമ്പനിയുടെ യുഎസിലെ ജീവനക്കാരുടെ പകുതിയോളം വരുമിത്. കോവിഡ് 19 വ്യോമയാന മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് യുണൈറ്റഡ് എയർലൈൻസിന്റെ നീക്കം. സർക്കാരിന്റെ ഉത്തേജക പാക്കേജുകളുടെ പിന്തുണ അവസാനിക്കുന്ന ഒക്‌ടോബറിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. യാത്രക്കാരുടെ ഡിമാൻഡ് അനുസരിച്ച് മാത്രം ജീവനക്കാരെ നിലനിർത്താനാണ് യുണൈറ്റഡ് എയർലൈൻസിന്റെ തീരുമാനം.

അതേസമയം ഗൾഫിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സും സമാനമായ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. പൈലറ്റുമാരെയും കാബിൻ ക്രൂ അംഗങ്ങളെയുമാണ് പിരിച്ചുവിടൽ ബാധിക്കുന്നത്. എമിറേറ്റ്‌സിൽ 4,300 ലേറെ പൈലറ്റുമാരും 22,000 കാബിൻ ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്. ഘട്ടംഘട്ടമായി സർവീസ് പുനരാരംഭിക്കാനാണ് തീരുമാനം. എന്നാൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും രാജ്യാന്തര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം വൈകിപ്പിക്കുകയാണ്.