റിലയന്‍സ് അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നു

Posted on: May 1, 2020

മുംബൈ : കടബാധ്യത കുറയ്ക്കുന്നതിന്റെയും ഓഹരിവിപണിയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അവകാശ ഓഹരിയിലൂടെ (റൈറ്റ്‌സ് ഇഷ്യൂ) 53.125 കോടി രൂപ സമാഹകരിക്കുന്നു. നിലവിലെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓഹരിക്ക് ആനുപാതികമായി അധികം നല്‍കുന്നതാണ് അവകാശ ഓഹരി. 3 പതിറ്റാണ്ട് മുന്‍പാണ് അവസാനമായി റിലയന്‍സ് പൊതുവിപണിയില്‍ നിന്ന് തുക സമാഹരിച്ചത്. രാജ്യത്ത് മൂലധന വിപണിയില്‍ നിന്ന് അവകാശ ഓഹരി വില്‍പനയിലൂടെ നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാണിത്. റിലയന്‍സിന്റെ 15 ഓഹരി കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി എന്ന അനുപാതത്തിലാണ് നല്‍കുക. 1257 രൂപയാണ് ഒരു അവകാശ ഓഹരിയുടെ വില ; ഇന്നലെ ഓഹരി വിപണി ക്ലോസ് ചെയ്തപ്പോഴുള്ള വിലയില്‍ നിന്ന് 14 ശതമാനം ഡിസ്‌കൗണ്ട് ചെയ്ത തുക.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം ഉപേക്ഷിക്കുകയാണെന്നു മുകേഷ് അംബാനി അറിയിച്ചു. 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. കമ്പനിയില്‍ 15 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ക്ക് 10-50 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനി അരാംകോയുമായുള്ള ഓഹരി ഇടപാടിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ കെമിക്കല്‍ ബിസിനസ് പ്രത്യേക ഉപ കമ്പനിയാക്കി മാറ്റാനും തീരുമാനിച്ചു. ജനുവരി മാര്‍ച്ച് ക്വാര്‍ട്ടറില്‍ റിലയന്‍സിന്റെ ലാഭം 37 ശതമാനം കുറഞ്ഞു. മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് ലാഭം : 6,546 കോടി രൂപ