5,000 കോടിയുടെ വരുമാന ലക്ഷ്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Posted on: February 14, 2020

കൊച്ചി : എയര്‍ഇന്ത്യയുടെ കീഴിലുള്ള ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപ്പു സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം ലക്ഷ്യമിടുന്നു. ഇന്ധനച്ചെലവ് കുറച്ചും വിമാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ടുമായിരിക്കും ഇത്.

തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 4,171.5 കോടിയും അറ്റാദായം 168.5 കോടി രൂപയുമായിരുന്നു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വരുമാനം 5,000 കോടി കടക്കുകയെന്ന് സി. ഇ. ഒ. കെ. ശ്യാംസുന്ദര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ വരുമാനം 40 ശതമാനം ഉയര്‍ന്ന് 3,124.34 കോടിയിലെത്തിയിട്ടുണ്ട്. അറ്റാദായമാകട്ടെ 679.80 കോടി രൂപയായി കുതിച്ചുയര്‍ന്നു.