എല്‍.ഐ.സി കേന്ദ്ര സര്‍ക്കാരിന് 2,611 കോടി രൂപ ലാഭവീതം നല്‍കി.

Posted on: December 28, 2019

ന്യൂഡല്‍ഹി : പൊതുമേഖല ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സി. 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവീതമായ 2,610.74 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറി. എല്‍.ഐ.സി. ചെയര്‍മാന്‍ എം. ആര്‍. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചെക്ക് കൈമാറി.

എല്‍.ഐ.സി.യുടെ ലാഭം (വാല്യുവേഷന്‍ സര്‍പ്ലസ്) 2018-19 ല്‍ 9.9 ശതമാനം ഉയര്‍ന്ന് 53,214.41 കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയത്തിന്റെ വിപണി വിഹിതം 76.28 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. 63 വര്‍ഷത്തെ പാരമ്പര്യമുള്ള എല്‍.ഐ.സി. ഇപ്പോള്‍ 31.11 ലക്ഷം കോചി രൂപയുടെ നിക്ഷേപക ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.61 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടിയ കമ്പനി 1.63 ലക്ഷം കോടി രൂപയുടെ ക്ലെയിം അനുവദിക്കുകയും ചെയ്യും.

കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറി ഇന്‍ഷുറന്‍സ് ദേബാശിഷ് പാണ്ഡെ, ഐല്‍.ഐ.സി.എം.ഡി.മാരായ ടി.സി. സുശീല്‍കുമാര്‍, വിപിന്‍ ആനന്ദ്, മുകേഷ് കുമാര്‍ ഗുപ്ത, രാജ്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

TAGS: LIC |