സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് എ ഡി ബി

Posted on: December 12, 2019

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ ഡി ബി) തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ ഇടയാക്കുന്നതെന്ന് എ ഡി ബി വിലയിരുത്തി. വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞതും വളര്‍ച്ച ഇടിയാന്‍ കാരണമാകും.

അതേസമയം 2020-21 – ല്‍ വളര്‍ച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ ഡി ബി യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം ഏഴു ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി പുനര്‍ നിര്‍ണയിച്ചിരിക്കുന്നു. ആ നിലയില്‍ നിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിന്‍ബലത്തിലാവും 2020-21 ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ ഡി ബി  വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളില്‍ കൂടുതല്‍ മൂലധനമിറക്കുന്നതും സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സഹായിക്കും.

TAGS: ADB |