മഹീന്ദ്ര വിമാനങ്ങൾ ഇന്ത്യൻ വിപണിയിൽ

Posted on: November 20, 2014

Mahindra-Aero-GA-10-Big-b

മഹീന്ദ്ര & മഹീന്ദ്ര ചെറിയ യാത്രാ വിമാനങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക്. ഓസ്‌ട്രേലിയയിൽ നിർമിച്ച ചെറു യാത്രവിമാനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) സർട്ടിഫിക്കേഷൻ ഡിജിസിഎ അംഗീകരിച്ചു. ചാർട്ടറിംഗ്, എയർടാക്‌സി, കാർഗോ മേഖലകളിൽ ഉപയോഗിക്കാവുന്ന 5,8,10 സീറ്റുകളുള്ള വിമാനങ്ങളാണ് മഹീന്ദ്ര നിർമ്മിക്കുന്നത്.

സിംഗിൾ പിസ്റ്റൺ എൻജിനുള്ള വിമാനത്തിൽ ജീവനക്കാരെ കൂടാതെ 9 യാത്രക്കാർക്കു പറക്കാൻ ഇന്ത്യൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിലാണ് അനുമതി വൈകിയത്. ഇന്ത്യയുടെ വ്യോമയാന ചട്ടങ്ങൾ പ്രകാരം പരമാവധി നാലു പേർ മാത്രമെ ഇത്തരം വിമാനങ്ങളിൽ സഞ്ചാരിക്കാൻ പാടുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാനമന്ത്രാലയം ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനം കൈക്കൊണ്ടത്.

Mahindra-Gipps-CSകാലിഫോർണിയയിലാണ് മഹീന്ദ്ര വിമാനങ്ങൾ ആദ്യം വിപണിയിലിറക്കിയത്. മിഡിൽഈസ്റ്റിലും ഓസ്‌ട്രേലിയയിലും മഹീന്ദ്ര ജിപ്‌സ് വിമാനങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. എയർവാൻ-8 (8 സീറ്റ്), എയർവാൻ-10 (10 സീറ്റ്), സിഎൻഎം5 (5 സീറ്റ്) എന്നീ മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. പ്രതിവർഷം 20-25 വിമാനങ്ങളാണ് ജിപ്‌സ് നിർമ്മിച്ചുവരുന്നത്. 18 സീറ്റുകളുള്ള ഇരട്ട എൻജിനുള്ള മഹീന്ദ്ര എയർവാൻ 18 നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

വിമാന നിർമാണത്തിന് ഓസ്‌ട്രേലിയയിലെ ജിപ്‌സ് എയ്‌റോ കമ്പനിയിൽ മഹീന്ദ്ര ഗ്രൂപ്പ് 2009 ൽ ഓഹരിപങ്കാളിത്തം നേടിയിരുന്നു. 175 കോടി രൂപ മുതൽമുടക്കി 75.1 ശതമാനം ഓഹരി മഹീന്ദ്ര സ്വന്തമാക്കിയത്. എഴുപതുകൾ മുതൽ വിമാന നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജിപ്‌സ് എയ്‌റോ.