ഇന്ത്യയ്ക്ക് പ്രതിവർഷം 600 കോടി ഡോളറിന്റെ വായ്പ തുടരുമെന്ന് ലോക ബാങ്ക്

Posted on: October 27, 2019

ന്യൂഡൽഹി : ഇന്ത്യയ്ക്ക് പ്രതിവർഷം 600 കോടി ഡോളറിന്റെ (45,000 കോടി രൂപയിലേറെ) തുടർന്നും നൽകുമെന്ന് ലോക ബാങ്ക്. ഇന്ത്യയിൽ 2400 കോടി ഡോളർ ചെലവിൽ 97 പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയും നേരിടുന്നത്. ഈ സാഹചര്യം നേരിടാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ ബാങ്ക് വായ്പകൾ ലഭ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി ഡേവിഡ് മാൽപാസ് കൂടിക്കാഴ്ച നടത്തി. നീതി ആയോഗ് യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു.