വ്യവസായ സൗഹൃദ റാങ്കിംഗിൽ ഇന്ത്യ 63 ാം സ്ഥാനത്ത്

Posted on: October 25, 2019

ന്യൂഡൽഹി : വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 63 ാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 77 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോക ബാങ്ക് തയാറാക്കിയ 190 രാജ്യങ്ങളുടെ ഈസ് ഓഫ് ഡൂയിംഗ് -2020 പട്ടികയിൽ 14 രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 2017 ൽ നൂറാം സ്ഥാനത്തായിരുന്നു.

ന്യൂസിലാൻഡ് ആണ് ലിസ്റ്റിൽ ഒന്നാമത്. സിംഗപ്പൂർ, ഡെൻമാർക്ക്, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്. ബിസിനസ് ചെയ്യാൻ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ബിസിനസ് ആരംഭിക്കൽ, നിർമാണാനുമതി, പാപ്പരത്ത പരിഹാര നടപടികൾ തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയാണ് ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടാൻ ഇടയാക്കിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊന്നൽ നൽകുന്നതും ഇന്ത്യയ്ക്ക് തുണയായി.ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുള്ള ആദ്യ 10 രാജ്യങ്ങളിലും ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്.