സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജന പദ്ധതികളുമായി കേന്ദ്രം ; പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടി

Posted on: August 23, 2019

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജന പദ്ധതികളുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാൽ ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ധനകാര്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യ. സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവു നൽകാനുള്ള നിരവധി പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.

ജി എസ് ടി നിരക്കുകൾ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച ഉന്നതതല യോഗം ഞായറാഴ്ച ചേരുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കുള്ള ജി എസ് ടി റീഫണ്ട് വൈകിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദായനികുതി റിട്ടേൺ കൂടുതൽ സുതാര്യമാക്കും.ആദായനികുതി വകുപ്പിന്റെ പ്രവർത്തനം കേന്ദ്രീകൃതമാക്കും. നികുതിദായകർക്ക് നേരെ പ്രതികാരനടപടികളുണ്ടാവില്ല. ആദായനികുതി വകുപ്പിൽ ഏകീകൃത കംപ്യൂട്ടർ സംവിധാനം ഒക്‌ടോബർ ഒന്നു മുതൽ നടപ്പാക്കും.

സാമൂഹ്യ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്താനുള്ള ബജറ്റ് നിർദേശം പിൻവലിച്ചു. അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്‌സ് പിൻവലിച്ചു. ബാങ്ക് വായ്പകൾ റിപ്പോ അധിഷ്ഠിതമാക്കും. ഭവന-വാഹന വായ്പകളുടെ പലിശ കുറയും. ഭവനനിർമാണ മേഖലയ്ക്ക് ദേശീയ ഹൗസിംഗ് ബാങ്ക് വഴി 20,000 കോടി രൂപ നൽകും.

ഓഹരി ഉൾപ്പടെ ദീർഘ-ഹൃസ്വകാല മൂലധന നിക്ഷേപങ്ങൾക്കുള്ള സർചാർജ് പിൻവലിച്ചു. കൂടുതൽ ഉത്തേജക നടപടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.