മന്ത്രിസഭയിൽ രണ്ടാമൻ അമിത് ഷാ ; എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗം

Posted on: June 6, 2019

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിലെ രണ്ടാമൻ അമിത് ഷാ തന്നെ. ആഭ്യന്തര മന്ത്രിയായ അമിത് ഷാ എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗമാണ്. നിയമനകാര്യങ്ങൾക്കുള്ള കമ്മിറ്റിയിൽ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമേയുള്ളു. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രണ്ട് മന്ത്രിസഭ സമിതികളിൽ മാത്രമാണുള്ളത്. സർക്കാരിന്റെ നയപരിപാടികൾ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ധനകാര്യമന്ത്രി നിർമല സീതാരാമൻ ഏഴ് കമ്മിറ്റികളിലുണ്ട്. വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അഞ്ച് കമ്മിറ്റികളിലുണ്ട്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ കാബിനറ്റിലും രാഷ്ട്രീയകാര്യ സമിതിയിലും അധ്യക്ഷത വഹിക്കുക മന്ത്രിസഭയിലെ രണ്ടാമനായിരിക്കും.