റിലയന്‍സിന് 10,104 കോടി ലാഭം

Posted on: July 20, 2019

ന്യൂഡല്‍ഹി : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജൂണ്‍-30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഏഴു ശതമാനം ലാഭ വളര്‍ച്ച. 10,104 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി ഇക്കാലയളവില്‍ നേടിയത്.

ടെലികോം, റീട്ടെയ്ല്‍ ബിസിനസുകളിലെ വളര്‍ച്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കുതിപ്പേകിയത്. ടെലികോം യൂണിറ്റായ ജിയോയുടെ ലാഭം 45.60 ശതമാനം ഉയര്‍ന്ന് 891 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 21 ശതമാനം ഉയര്‍ന്ന് 1.61 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ജൂണില്‍ ഇത് 1.33 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില ഒരു ശതമാനം ഇടിഞ്ഞു.

അതേസമയം ടെലികോം വിപണി നിയന്ത്രിക്കുന്ന സമിതിയായ സെബിയുടെ കണക്കുപ്രകാരം ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഇന്ത്യയില്‍ രണ്ടാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. എയര്‍ടെല്ലിനെ പിന്തള്ളിയാണ് ജിയോയുടെ നേട്ടം. മേയില്‍ 32.3 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്.

TAGS: Reliance |