ഡിഎച്ച്എഫ്എൽ പ്രതിസന്ധിയിൽ ; ഓഹരിവിലയിൽ 25 ശതമാനം ഇടിവ്

Posted on: July 15, 2019

മുംബൈ : നഷ്ടം വർധിച്ചതിനെ തുടർന്ന് ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. 2019 മാർച്ചിൽ അവസാനിച്ച നാലാം ക്വാർട്ടറിൽ ഡിഎച്ച്എഫ്എൽ 2224 കോടിയുടെ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം ഇതേകാലയളവിൽ 134.35 കോടി രൂപ ലാഭം നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം 1036 കോടി രൂപയാണ്.

കഴിഞ്ഞ മുപ്പതു വർഷമായി ഹൗസിംഗ് ഫിനാൻസ് രംഗത്ത് പ്രവർത്തിച്ചുവരുന്ന ഡിഎച്ച്എഫ്എൽ ഫണ്ട് സമാഹരണത്തിൽ വെല്ലുവിളി നേരിടുകയാണ്. ബ്രിക്ക് വർക്ക് റേറ്റിംഗ്‌സ് ഡിഎച്ച്എഫ്എല്ലിന്റെ റേറ്റിംഗ് ബിബിബിയിൽ നിന്ന് സി യായി കുറച്ചു. 20,750 കോടിയുടെ വായ്പകൾക്ക് ആവശ്യമായ രേഖകളില്ലെന്ന് അടുത്തയിടെ കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നേക്കാമെന്ന് ഡിഎച്ച്എഫ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കപിൽ വാധ്വാൻ ഓഹരിയുടമകളെ അറിയിച്ചിരുന്നു.

ഡിഎച്ച്എഫ്എല്ലിന്റെ ഓഹരിവില ഇന്ന് 25 ശതമാനത്തിലേറെ കുറഞ്ഞു.എൻഎസ്ഇയിൽ ഓഹരിവില 61.65 രൂപയിൽ നിന്ന് 48 രൂപയായി കുറഞ്ഞു.