നോക്കിയ ചെന്നൈ പ്ലാന്റ് അടച്ചു

Posted on: November 1, 2014

Nokia-Chennai-Plant-inside-

നോക്കിയയുടെ ചെന്നൈയിലെ പ്ലാന്റ് അടച്ചുപൂട്ടി. യൂറോപ്പിന് പുറത്തുള്ള നോക്കിയയുടെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രമാണ് ചെന്നൈയിലേത്. ചെന്നൈ പ്ലാന്റിൽ നിന്ന് മൊബൈൽ വാങ്ങുന്നത് മൈക്രോസോഫ്റ്റ് നിർത്തിയതോടെയാണ് നോക്കിയ പ്രതിസന്ധിയിലായത്.

ചെന്നൈ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഹാൻഡ്‌സെറ്റുകൾ ആഭ്യന്തരവിപണിയിൽ വിറ്റഴിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് ഗവൺമെന്റ് മാർച്ചിൽ 2,400 കോടി രൂപയുടെ നികുതി നോട്ടീസ് നൽകി. മറ്റൊരു നികുതി കേസിൽ പ്ലാന്റ് മൈക്രോസോഫ്റ്റിന് കൈമാറാൻ 3,500 കോടി രൂപ ഗ്യാരണ്ടി നൽകണമെന്ന കോടതി നിർദ്ദേശം കൂടിയായപ്പോൾ മൈക്രോസോഫ്റ്റ് ചെന്നൈ പ്ലാന്റിനെ കൈയൊഴിയുകയായിരുന്നു.

ചെന്നൈ പ്ലാന്റ് സ്ഥാപിക്കാനും വികസനത്തിനുമായി നോക്കിയ 1,800 കോടി രൂപയാണ് ചെലവഴിച്ചത്. മാർച്ച് വരെ 6,600 ജീവനക്കാരാണ് ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലുണ്ടായിരുന്നത്. 5,500 പേർ വിആർഎസ് സ്വീകരിച്ച് പിരിഞ്ഞു. ശേഷിച്ച 1.100 പേർ അടച്ചപൂട്ടും വരെ പ്ലാന്റിലുണ്ടായിരുന്നു. പ്ലാന്റ് അടച്ചുപൂട്ടുന്ന അവസ്ഥ ഒഴിവാക്കാൻ ഗവൺമെന്റുകളുടെ ഭാഗത്തു നിന്നും കാര്യമായ ശ്രമങ്ങളുണ്ടായില്ലെന്ന് ജീവനക്കാർക്കും ആക്ഷേപമുണ്ട്.