വിപ്രോയെ നയിക്കാൻ റിഷാദ് പ്രേംജി ; അസിം പ്രേംജി വിരമിക്കുന്നു

Posted on: June 7, 2019

ബംഗലുരു : പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈ 30 ന് വിരമിക്കും. കഴിഞ്ഞ 53 വർഷം വിപ്രോ നയിച്ച അദ്ദേഹം നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ തുടരും. മകൻ റിഷാദ് പ്രേംജി എക്‌സിക്യൂട്ടീവ് ചെയർമാനാകും. ഇപ്പോൾ വിപ്രോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറും ബോർഡ് അംഗവുമാണ്.

കുടുംബ ബിസിനസ് ആയിരുന്ന വിപ്രോയെ 850 കോടി യുഎസ് ഡോളർ (ഏകദേശം 59,000 കോടി രൂപ) മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയത് അസിം പ്രേംജിയാണ്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അബിദലി നീമുച്ച്‌വാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമാകും. ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും നേതൃത്വമാറ്റം.

ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവിടണമെന്ന് തന്റെ വിരമിക്കൽ സന്ദേശത്തിൽ അസിം പ്രേംജി പറഞ്ഞു. വിപ്രോയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ റിഷാദ് പ്രേംജിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.