ഐബിഎസ് കാനഡയിലെ എയർലൈൻ സോഫ്റ്റ്‌വേർ കമ്പനിയായ ആഡ് ഓപറ്റിനെ ഏറ്റെടുത്തു

Posted on: May 20, 2019

തിരുവനന്തപുരം : ഐബിഎസ് സോഫ്റ്റ്‌വേർ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന എയർലൈൻ സോഫ്റ്റ്‌വേർ കമ്പനിയെ ഏറ്റെടുത്തു. ആഡ് ഓപ്റ്റിന്റെ ഉടമസ്ഥരായ ക്രോണോസ് ഇൻകോർപറേറ്റഡ് എന്ന അമേരിക്കൻ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്‌മെൻറ് സോഫ്റ്റ്‌വേർ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കരാർ ഐബിഎസ് ഒപ്പിട്ടത്.

ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്‌സ്, ഫെഡ്എക്‌സ്, ഗരുഡ, ലയൺ എയർ, ക്വൻറാസ് തുടങ്ങിയവയുടെതടക്കം ക്രൂ മാനേജമെൻറ് സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്. മാസച്ചുസെറ്റ്‌സ് ആസ്ഥാനമാക്കി ആഗോളവ്യാപകമായി ആറായിരത്തോളം വിദഗ്ധരുമായി പ്രവർത്തിക്കുന്ന ക്രോണോസ് 2004 ആണ് ആഡ് ഓപ്റ്റിനെ സ്വന്തമാക്കിയത്. ഒരു സംഘം ഗണിതശാസ്ത്രജ്ഞരും ഓപ്പറേഷൻസ് റിസർച്ച് വിദഗ്ധരും ചേർന്ന് 1987 ൽ തുടങ്ങിയ ആഡ് ഓപ്റ്റ് മുൻനിര ഏവിയേഷൻ സോഫ്റ്റ്‌വേർ സ്ഥാപനമായി വളരുകയായിരുന്നു.

ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന്റെ ഇടപാടുകാരുടെ നിരയിൽ 20 വിമാനക്കമ്പനികൾ കൂടിയെത്തും. വടക്കെ അമേരിക്കയിൽ ശക്തമായ സാന്നിധ്യവും ലഭിക്കും. കഴിഞ്ഞ 25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വിദഗ്ധരടക്കം പ്രവർത്തിക്കുന്ന ആഡ് ഓപ്റ്റ് ടീമിൻറെ അനുഭവ പരിചയം ഐബിഎസിന് വ്യോമയാന സാങ്കേതികവിദ്യയിൽ മികച്ച മുതൽക്കൂട്ടാകും.

തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി തുടക്കമിട്ട് 21 വർഷം കൊണ്ട് മൂവായിരത്തോളം ജീവനക്കാരുള്ള ലോകോത്തര കമ്പനിയായി വളർന്ന ഐബിഎസിൻറെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റെടുക്കലാണിത്. അമേരിക്കയിലെ മൂന്നും യൂറോപ്പിലെ രണ്ടും കമ്പനികളെയും ഇന്ത്യയിലെ ഒരു കമ്പനിയെയും നേരത്തെ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് എയർവേസ്, കെഎൽഎം, എമിറേറ്റ്‌സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികളുടെ ഏവിയേഷൻ സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യുന്നത് ഐബിഎസ് ആണ്. ഫ്‌ളൈറ്റ്-ക്രൂ മാനേജ്‌മെൻറ് മേഖലകളിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ ആഡ് ഓപ്റ്റ് ഏറ്റെടുക്കൽ ഐബിഎസിനെ സഹായിക്കും.

വ്യോമയാന മേഖലയിൽ തങ്ങളുടെ ശേഷി വർധിപ്പിക്കുന്ന തരത്തിൽ നൂതന സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് ഐബിഎസിന്റെ നയത്തിന്റെ ഭാഗമാണെന്ന് എക്‌സിക്യൂട്ടിവ് ചെയർമാൻ വി.കെ മാത്യൂസ് പറഞ്ഞു.