യു എസ് ചൈന വ്യാപാര യുദ്ധം : ജി ഡി പി കുറഞ്ഞേക്കും

Posted on: May 8, 2019

 

ന്യൂഡല്‍ഹി : യു എസും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. വ്യാപാര യുദ്ധം രൂക്ഷമായാല്‍ ലോകത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ 30-40 ബേസിസ് പോയിന്റുകളുടെ
കുറവുണ്ടാകും. കോര്‍പ്പറേറ്റ് ആത്മവിശ്വാസത്തെയും മൂലധനത്തെയും വ്യാപാര യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി തയാറാക്കിയ ആഗോള സാമ്പത്തിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങൾക്ക്‌ മേലുള്ള തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള യു എസ് തീരുമാനം നടപ്പായാല്‍ ആഗോള സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയേല്‍ക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യക്കും മോചനമില്ലെന്ന് ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ നോമുറ ഹോള്‍ഡിംഗ്‌സ് സൂചന നല്‍കുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷയ്ക്ക്‌  വിരുദ്ധമായി ഇന്ത്യയുടെ ജിഡിപി വര്‍ച്ചാ നിരക്ക് 6.8 ശതമാനത്തിലേക്ക് താഴ്‌ന്നേക്കാമെന്ന് നോമുറയുടെ വിലയിരുത്തല്‍. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.2 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ആര്‍ബിഐയും 7.3 ശതമാനം വരെ വളരുമെന്ന് ഐ എം എഫും കണക്കാക്കിയിരിക്കുന്നു.

TAGS: GDP |