ഇന്ത്യ 13.7 ശതമാനം വളര്‍ച്ച നേടുമെന്ന് മൂഡീസ്

Posted on: February 26, 2021

മുംബൈ : അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഉയര്‍ത്തി യു.എസ്. റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. 2021 – 22 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 13.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് മൂഡീസിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. നേരത്തേ 10.8 ശതമാനം വരെയായിരുന്നു ഇത്.

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാംഗ് അഭിപ്രായപ്പെട്ടു. ഇത് വിപണിയിലെ ആത്മവിശ്വാസം ഉയര്‍ത്തി. വളര്‍ച്ച അനുമാനം ഉയര്‍ത്താന്‍ ഇതാണു കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2020-’21 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച നിരക്കില്‍ ഏഴുശതമാനം ഇടിവാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മുമ്പിത് 10.6 ശതമാനം വരെയാകുമെന്നായിരുന്നു മൂഡീസ് പറഞ്ഞിരുന്നത്.

നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.3 ശതമാനമായിരിക്കുമെന്ന് മൂഡീസിന്റെ ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഇക്ര പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം അവസാനിച്ചതായും ഇക്ര പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അതിഥി നായര്‍ സൂചിപ്പിച്ചു.

TAGS: GDP |