ഇന്ത്യയുടെ വളർച്ച 2021 ൽ 9.9 ശതമാനമെന്ന് നൊമുറ

Posted on: December 10, 2020

മുംബൈ: അടുത്ത കലണ്ടര്‍ വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച 9.9 ശതമാനത്തിലെത്തുമെന്ന് ബ്രോക്കറേജ് ഏജന്‍സിയായ നോമുറ. ഏഷ്യയിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തവര്‍ഷം ചൈനയുടെ ജി.ഡി.പി. വളര്‍ച്ച ഒമ്പതുശതമാനവും സിങ്കപ്പൂരിന്റേത് 7.5 ശതമാനവും ആയിരിക്കുമെന്നും കമ്പനി കണക്കാക്കുന്നു.

ചാക്രികരീതിയില്‍ 2018 മുതല്‍ ഇന്ത്യയുടെ വളര്‍ച്ച താഴേക്കായിരിക്കുമെന്ന് നോമുറ നേരത്തേ പറഞ്ഞിരുന്നു.

അടുത്തവര്‍ഷം ഇതില്‍ മാറ്റമുണ്ടാകുമെന്നും വളര്‍ച്ച മുന്നോട്ടാകുമെന്നുമാണ് നോമുറയുടെ വിലയിരുത്തല്‍. അതേസമയം, 2021 ആദ്യക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവ് വിഭാഗത്തില്‍ തുടരും. -1.2 ശതമാനമായിരിക്കുമിത്. എന്നാല്‍, രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 32.4 ശതമാനം വരെ ഉയരും. മൂന്നാം ക്വാര്‍ട്ടറില്‍ വളര്‍ച്ച 10.2 ശതമാനവും നാലാം ക്വാര്‍ട്ടറില്‍ 4.6 ശതമാനവുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ല്‍ ജി.ഡി.പി. വളര്‍ച്ച -7.1 ശതമാനമായിരിക്കുമെന്നും കമ്പനി അനുമാനിക്കുന്നുണ്ട്.

ഫിച്ച് റേറ്റിംഗ്‌സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. -9.4 ശതമാനം വരെ ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. നേരത്തേയിത് -10.5 ശതമാനം വരെയായിരുന്നു കണക്കാക്കിയിരുന്നത്.

 

TAGS: GDP | Nomura Holdings |