ദേശീയ ദുരന്തനിവാരണ സേനയുടെ 40 ടീമുകൾ കേരളത്തിലേക്ക്

Posted on: August 16, 2018

കൊച്ചി : ദേശീയ ദുരന്തനിവാരണ സേനയുടെ 40 ടീമുകൾ കേരളത്തിൽ എത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിന് തിരിച്ചിട്ടുണ്ട്. കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും ഉടൻ സംസ്ഥാനത്ത് എത്തിക്കും. കണ്ണൂർ അമ്പായത്തോട് വൻ ഉരുൾപൊട്ടലിൽ മലയുടെ ഒരു ഭാഗം ഇടിഞ്ഞുതാണു. ഞായറാഴ്ചവരെ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കിയിൽ മഴശക്തം. വയനാടും മൂന്നാറും ഒറ്റപ്പെട്ടു. തൃശൂർ – പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു.

പെരിയാറിൽ അപകടകരമാംവിധം വെള്ളം ഉയരുകയാണ്. ആലുവയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എറണാകുളം – അങ്കമാലി റൂട്ടിൽ റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

നെടുമ്പാശേരിയിലെ ഹോട്ടൽ എയർലിങ്ക് കാസിലിൽ വെള്ളം കയറി. 17 വിദേശികൾ ഉൾപ്പടെ 150 ഓളം പേരാണ് ഹോട്ടലിലുള്ളത്. വിമാനത്താവളത്തിലെ വെള്ളംനിറഞ്ഞ പാർക്കിംഗ് ബേയിൽ എയർഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിമാനവും ഒരു സ്വകാര്യജെറ്റും കുടുങ്ങി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വരും.

പാലക്കാട് ജില്ലയിലെ നെന്മാറ അളവുശേരി ചേരുംകാട്ടിൽ ഉരുൾപൊട്ടി മരിച്ചവരുടെ എണ്ണം 9 ആയി. കോട്ടയം ജില്ലയിലെ തീക്കോയി ഒറ്റയീട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർ മരണമടഞ്ഞു. മീനച്ചിലാർ കരകവിഞ്ഞ് പാല നഗരം വെള്ളത്തിനടിയിലായി.

 

എമർജൻസി റെസ്‌ക്യു നമ്പർ 1077

TAGS: Kerala Floods |