ഹഡിൽ കേരള ആറു മുതൽ തിരുവനന്തപുരത്ത്

Posted on: April 2, 2018

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരള തിരുവനന്തപുരത്ത്. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സമ്മേളനം ആറ്, ഏഴ് തീയതികളിൽ കോവളം ലീല ബീച്ച് റിസോർട്ടിൽ നടക്കും. സ്റ്റാർട്ടപ്പ് സംരംഭകർക്ക് സ്വന്തം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും (പിച്ചിങ്) മുൻനിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകർഷിക്കാനുമുള്ള അവസരമാണ് ഹഡിൽ കേരള.

മുഖ്യമന്ത്രി പിണറായി വിജയൻ ഹഡിൽ കേരള ഉദ്ഘാടനം ചെയ്യും. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാർട്ടപ്പ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഷാർജ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉന്നതസമിതി ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി, നെതർലൻഡ്‌സ് രാജകുമാരൻ കോൺസ്റ്റാന്റിൻ എന്നിവർ ഉൾപ്പെടുയുള്ള ഉന്നതർ അതിഥികളായെത്തും.

ചർച്ചകൾക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദർശനങ്ങളുമുൾപ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡിൽ കേരള പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സമ്മേളനമൊരുക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാൻ ഏപ്രിൽ മൂന്നുവരെ ംംം.വൗററഹല.ില.േശി. എന്ന വെബ്‌സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും ഹഡിൽ കേരളയിൽ പങ്കെടുക്കുന്നതെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംരംഭകർക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും. വിപണിയിലെ പ്രമുഖർക്കു മുന്നിൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, വിപണിനേതാക്കൾ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പേരാണ് ഹഡിൽ കേരളയ്‌ക്കെത്തുന്നത്. 30 സെഷനുകളിലായി 40 പ്രഭാഷകരും പങ്കെടുക്കും. ബ്ലോക്ക്‌ചെയ്ൻ, ക്രിപ്‌റ്റോകറൻസി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഗെയ്മിങ് ആൻഡ് ഇ-സ്‌പോർട്‌സ്, സൈബർ സെക്യുരിറ്റി, ഡിജിറ്റൽ വിനോദങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇ ഗവേണൻസ്, മൊബൈൽ ഗവേണൻസ് എന്നിവയിലായിരിക്കും ഹഡിൽ കേരളയിൽ ഊന്നൽ. വേദിയിലെ പരിപാടികൾക്കു പുറമെ നെറ്റ്‌വർക്കിങ് സെഷൻ, പ്രഭാഷണങ്ങൾ, ചർച്ചകൾ, ശിൽപശാലകൾ, സമാന്തര ചടങ്ങുകൾ എന്നിവയും നടക്കും.

ആശയങ്ങളുമായി മുന്നോട്ടുവന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികൾ തമ്മിൽ നടക്കുന്ന ഹഡിൽ 100 മത്സരം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ തുടങ്ങും. തെരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികൾ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുൻനിര വിപണിനേതാക്കൾ മേൽനോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളിൽനിന്ന് സെമി ഫൈനൽ ടീമുകളെയും പിന്നീട് ഫൈനൽ ടീമുകളെയും തെരഞ്ഞെടുക്കും.

പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റാർട്ടപ്പ് സോണിൽ (ഡെമോ ബൂത്ത്) സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാം. ആഗോള ലൊക്കേഷൻ മാർക്കറ്റിങ് സ്‌പെഷലിസ്റ്റുകളായ പോസ്റ്റർസ്‌കോപ്, മൊബൈൽ ആപ് നിർമാതാക്കളായ സോഹോ കോർപറേഷൻ എന്നിവരാണ് പരിപാടിയുടെ സ്‌പോൺസർമാർ.

TAGS: Huddle Kerala |