ബാങ്ക് ഓഫ് ഇന്ത്യ പ്രതിസന്ധി : കർശന നടപടികൾ ഉണ്ടായേക്കും

Posted on: December 21, 2017

മുംബൈ : കിട്ടാക്കടം വർധിച്ച സാഹചര്യത്തിൽ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം. പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) മാർഗരേഖ അനുസരിച്ചാണ് ആർബിഐ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൻ പ്രകാരം പുതിയ വായ്പകൾക്ക് അനുവദിക്കുന്നത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

2017 മാർച്ചിലെ കണക്കുകൾ പ്രകാരം ബാങ്ക് ഓഫ് ഇന്ത്യയുടെ കിട്ടാക്കടം (52,045 കോടി രൂപ) 13.22 ശതമാനമാണ്. സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം 49,306.9 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. 2016-17 ൽ 1558 കോടി രൂപ നഷ്ടത്തിലായിരുന്ന ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2017-18) ഒന്നാം ക്വാർട്ടറിൽ 88 കോടി രൂപയും രണ്ടാം ക്വാർട്ടറിൽ 179 കോടി രൂപയും അറ്റാദായം നേടിയിട്ടുണ്ട്. ബാങ്ക് പ്രതിസന്ധിയിൽ അല്ലെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദീനബന്ധു മൊഹപത്ര പറഞ്ഞു.

റിസർവ് ബാങ്ക് നടപടി പുറത്തുവന്നതോടെ ഓഹരിവിലയിൽ ഇടിവുണ്ടായി. പത്ത് രൂപ മുഖവിലയുള്ള ഓഹരിവില ഇന്ന് 170 രൂപ വരെ ഇടിഞ്ഞു. ഇതിനിടെ വേണ്ടത്ര മൂലധനമില്ലെന്നുള്ളതും 5000 ലേറെ ശാഖകളുള്ള ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. റിസർവ് ബാങ്കിന്റെ നീക്കങ്ങൾ ഫലംകാണുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും പൊതുമേഖല ബാങ്കിൽ ലയിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 22 വിദേശരാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

TAGS: Bank Of India |