കാഷ്മീർ സമ്പദ്‌വ്യവസ്ഥയ്ക്ക് 6,000 കോടിയുടെ നഷ്ടമെന്ന് അസോച്ചം

Posted on: September 14, 2014

Rescued-Tourists--Jammu-Kas

ജമ്മുകാഷ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രളയം ഏൽപ്പിച്ചത് 6.000 കോടിയുടെ നഷ്ടമെന്ന് ദേശീയ വ്യാപാര സംഘടനയായ അസോച്ചത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കരകൗശല വിപണി തുടങ്ങിയ മേഖലകൾക്കു കനത്ത ആഘാതമാണ് പത്തുദിവസത്തെ വെള്ളപ്പൊക്കത്തിലുണ്ടായത്. അഗ്രികൾച്ചർ, ഹോർട്ടിക്കൾച്ചർ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ നഷ്ടം 2,630 കോടിയും, റെയിൽവേ, പവർ, കമ്യൂണിക്കേഷൻസ് തുടങ്ങിയവയ്ക്ക് 3,000 കോടിയുടെയും നഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ.

വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ, ഒഴുകിപ്പോയ വാഹനങ്ങൾ തുടങ്ങിയവയുടെ നഷ്ടം ഇതേവരെ കണക്കാക്കിയിട്ടില്ല. കാഷ്മീർ സമ്പദ് വ്യവസ്ഥയുടെ ആകെ വരുമാനം 2014-14 ൽ 45,399 കോടിയായിരുന്നു. ഇതിൽ കാർഷിക മേഖല 20 ശതമാനവും വ്യവസായം-ഖനനം മേഖല 23.5 ശതമാനവും ശേഷിക്കുന്ന 56.5 ശതമാനം ടൂറിസം ഉൾപ്പടെയുള്ള സേവനമേഖലയിൽ നിന്നുമാണ്.

കാഷ്മീരിലെ ടൂറിസം വരുമാനത്തിന്റെ 40 ശതമാനം വീതം ജമ്മു, കാഷ്മീർ, മേഖലകളും 20 ശതമാനം ലഡാക്കിൽ നിന്നുമാണ്. പ്രളയം ദുരന്തം വിതച്ചതോടെ ഒക്‌ടോബർ 15 വരെയുള്ള ഹോട്ടൽ, എയർലൈൻ ബുക്കിംഗുകൾ വ്യാപകമായി ക്യാൻസൽ ചെയ്യപ്പെടുകയുണ്ടായി. വിശദമായ കണക്കെടുപ്പുകഴിയുമ്പോൾ നാശനഷ്ടങ്ങളുടെ വ്യാപ്തി പ്രാഥമികവിലയിരുത്തലിന്റെ പല മടങ്ങു വർധിച്ചേക്കാമെന്നു അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) സെക്രട്ടറി ജനറൽ ഡി. എസ്. റാവത്ത് പറഞ്ഞു.