വിമാനക്കമ്പനികൾ നിരക്ക് വർധനയ്ക്ക് ഒരുങ്ങുന്നു

Posted on: July 23, 2016

Chennai-airport-passengers-

മുംബൈ : രാജ്യത്തെ ആഭ്യന്തരവിമാനക്കമ്പനികൾ യാത്രാനിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. സർവീസുകൾ റദ്ദാക്കപ്പെട്ടാൽ യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ) വർധിപ്പിച്ചതിനെത്തുടർന്ന് ഈ നീക്കം. കൺഫേംഡ് ടിക്കറ്റുമായെത്തുന്നവർക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്നാലും ഇനി മുതൽ നഷ്ടപരിഹാരം നൽകണം. ഈ നടപടി കൂടുതൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കും. ഇപ്പോൾ ആകെയുള്ള സീറ്റുകളുടെ 10 ശമതാനം വരെ ടിക്കറ്റുകൾ പല വിമാനക്കമ്പനികളും കൂടുതലായി വിൽക്കാറുണ്ട്. ലാസ്റ്റ് മിനിട്ട് കാൻസലേഷന് എതിരായ മുൻകരുതലാണിത്. അതേസമയം ബുക്ക് ചെയ്ത എല്ലാവരും യാത്ര ചെയ്യാനെത്തിയാൽ കുറച്ചുപേർക്ക് യാത്ര നിഷേധിക്കേണ്ടി വരും. ഇത്തരം പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ നടപടികൾ.

കാലാവസ്ഥ മോശമായാലും യന്ത്രത്തകരാർ സംഭവിച്ചാലും സർവീസുകൾ റദ്ദാക്കേണ്ടതായി വരും. ഇത്തരം കാരണങ്ങളാലുണ്ടാകുന്ന നഷ്ടത്തിനു പുറമേ യാത്രകാർക്ക് നൽകേണ്ട വൻതുക നഷ്ടപരിഹാരം കൂടി കണക്കിലെടുക്കുമ്പോൾ എയർലൈൻ കമ്പനികൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വ്യോമയാനവൃത്തങ്ങളുടെ ആശങ്ക.