ജമ്മുകാഷ്മീരിൽ പ്രളയം, മരണസംഖ്യ 120 കവിഞ്ഞു

Posted on: September 6, 2014

JK-flood-srinagar-big

ജമ്മുകാഷ്മീരിൽ കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 120 ലേറെപ്പേർ മരണമടഞ്ഞു. രജൗറി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണ് 14 പേർ കൊല്ലപ്പെട്ടത്. 2,000 ൽ ഏറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പതിനായിരത്തോളം പേർ ഭവനരഹിതരായി. രജൗറി ജില്ലയിൽ വ്യാഴാഴ്ച വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് 60 പേർ മരണമടഞ്ഞതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

ചെനാബ്, തവി, ഝലം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജമ്മു, കത്വവ, രജൗറി, പൂഞ്ച്, സാംമ്പ, ദോഡ തുടങ്ങിയ ജില്ലകൾ പ്രളയത്തിൽ ഒറ്റപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസവും ജമ്മു – ശ്രീനഗർ ദേശീയപാത അടച്ചിട്ടു. കഴിഞ്ഞ പത്തു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു 1,100 കോടി രൂപ ചെലവഴിക്കേണ്ടി വരും. 400 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. മണ്ണിടിച്ചിൽ മൂലം റീസായ് ജില്ലയിലെ കത്ര ടൗണിൽ 25,000 ലേറെ തീർത്ഥാടകർ കുടുങ്ങിയതായി വൈഷ്‌ണോ ദേവി ഷ്‌റൈൻ ബോർഡ് സിഇഒ എം. കെ. ഭണ്ഡാരി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യവും പോലീസും രംഗത്തുണ്ട്.