ജയലളിതയ്ക്ക് വിടനൽകാൻ ചെന്നൈ ഒരുങ്ങി

Posted on: December 6, 2016

jayalalithaa-sasikala-big

ചെന്നൈ : ജയലളിതയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര രാജാജി ഹാളിൽ നിന്നും മെറീന ബീച്ചിലെ അണ്ണ സ്‌ക്വയറിലേക്ക് പുറപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖർജി എത്തിച്ചേരാൻ വേണ്ടിയാണ് വിലാപയാത്ര വൈകിപ്പിച്ചത്. അലങ്കരിച്ച ഗൺകാരിയേജിലാണ് മൃതദേഹം. വിവിഐപികളുടെയും പോലീസിന്റെയും ഉൾപ്പടെ നൂറോളം വാഹനങ്ങൾ ഗൺകാരിയേജിനെ അനുഗമിക്കുന്നുണ്ട്. കേരള ഗവർണറും മുഖ്യമന്ത്രിയും അന്ത്യോപചാരമർപ്പിക്കാൻ എത്താൻ വൈകിയതിനാൽ വിലാപയാത്ര പുറപ്പെടാൻ അല്പം വൈകി.

രാജാജി ഹാളിൽ നിന്ന് ചെപോക്ക് സ്‌റ്റേഡിയം, ആകാശവാണി, ദൂരദർശൻ, മദ്രാസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വഴികളിലൂടെയായിരിക്കും വിലാപ യാത്ര മെറീന ബീച്ചിലേക്ക് എത്തിച്ചേരുന്നത്. മെറീന ബീച്ചിലേക്കുള്ള റോഡിന് ഇരുപുറവും മണിക്കൂറുകൾക്ക് മുമ്പേ ജനസഹസ്രങ്ങളാണ് തടിച്ചുകൂടിയിട്ടുള്ളത്. ഹൈന്ദവ ആചാരപ്രകാരമായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുക. സംസ്‌കാരചടങ്ങുകളിൽ നടക്കുന്ന അണ്ണസ്‌ക്വയറിലേക്ക് വിവിഐപികൾക്കും മുതിർന്ന എഐഎഡിഎംകെ നേതാക്കൾക്കുമാത്രമാണ് പ്രവേശനം.