ജയലളിത അതീവ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Posted on: December 5, 2016

jayalalithaa-blue-saree-big

ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇസിഎംഒ മെഷീന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്നു രാവിലെ ജയലളിതയെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാൻ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിലെത്തി. പൾമോണോളജിസ്റ്റ് ഡോ. ജി. സി. ഖിൽനാനി, അനസ്‌തെറ്റിസ്റ്റ് ഡോ. അഞ്ജന തൃഘ, കാർഡിയാക് സർജൻ ഡോ. സച്ചിൻ തൽവാർ, കാർഡിയോളജിസ്റ്റ് ഡോ. രാജീവ് നാരംഗ് എന്നിവരാണ് സംഘത്തിലുള്ളത്.

ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളിലും പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ കേന്ദ്രസേനയെ നൽകാൻ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റജ്ജു പറഞ്ഞു.