അപ്പോളോ ഹോസ്പിറ്റൽസ് അഡ്‌ലക്‌സ് ഗ്രൂപ്പുമായി ചേർന്ന് കേരളത്തിലേയ്ക്ക്

Posted on: November 27, 2018

തിരുവനന്തപുരം : അപ്പോളോ ഹോസ്പിറ്റൽസ് അഡ്‌ലക്‌സ് ഗ്രൂപ്പുമായി ചേർന്ന് കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നു. അങ്കമാലി കറുകുറ്റിയിൽ അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിനോട് അനുബന്ധിച്ച് ആരംഭിക്കുന്ന 250 ബെഡുകളുള്ള അപ്പോളോ അഡ്‌ലക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആറ് മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. പ്രതാപ് സി റെഡിയാണ് ആശുപത്രിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ആശുപത്രി തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് അഡ്‌ലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്നത്. അപ്പോളോ ഹോസ്പിറ്റലിന് സവിശേഷമായ നിമിഷമാണിതെന്നും 35 വർഷത്തെ സേവനപാരമ്പര്യവും ആഗോളപരിചയവും ഏറ്റവും നൂതനമായ ആരോഗ്യരംഗത്തെ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച് കേരളത്തിലെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം മൂലം നശിച്ച കോഴിക്കോട് ജില്ലയിലെ കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിന് കേരള സർക്കാരുമായി ചേർന്ന് പിന്തുണ നല്കുമെന്നും അപ്പോളോ ഹോസ്പിറ്റൽസ് അറിയിച്ചു.

ആരോഗ്യമേഖലയിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണെന്നതിനാൽ കേരളം ജീവിത ഗുണനിലവാരത്തിലും ആരോഗ്യ സൂചികകളിലും ഉയർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ പുതിയ ജീവിതശൈലി രോഗങ്ങൾ കേരളത്തിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുകയാണ്. എല്ലാവരുടെയും കൂടിയുള്ള പരിശ്രമത്തിലൂടെയേ ഇതിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ എന്ന് അദേഹം പറഞ്ഞു.
.

സമൂഹത്തിന് എന്തെങ്കിലും തിരികെ നല്കണമെന്നത് എന്നത്തേയും ആഗ്രഹമായിരുന്നുവെന്നും അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി കൈകോർത്ത് കേരളത്തിൽ ലോകോത്തരമായ ആരോഗ്യസേവനം ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും അഡ്‌ലക്‌സ് ഗ്രൂപ്പ് പ്രൊമോട്ടറും ഡയറക്ടറുമായ പുഴേകടവിൽ സുധീശൻ പറഞ്ഞു.

മെഡിക്കൽ ടൂറിസത്തിന് ഗുണകരമാവും വിധം എയർപോർട്ടിന് സമീപമാണ് ആശുപത്രി. തെക്കുപടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നുള്ള രോഗികൾക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

250 ബെഡുകളുള്ള അപ്പോളോ അഡ്‌ലക്‌സ് ഹോസിപിറ്റലിൽ 50 ബെഡുകൾ ക്രിട്ടിക്കൽ കെയറിന് മാത്രമായുള്ളതാണ്. ടേർഷ്യറി കെയർ സൗകര്യങ്ങളോടെ തുടങ്ങുന്ന ആശുപത്രിയിൽ അടുത്ത ഘട്ടത്തിൽ അഡ്വാൻസ്ഡ് അർബുദ ചികിത്സ ലഭ്യമാക്കും. 24 x 7 സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. എംആർഐ, 128 സ്ലൈസ് സിടി സ്‌കാൻ, കാർഡിയാക് കാത്ത് ലാബ്, മാമ്മോഗ്രാം തുടങ്ങിയ ലോകോത്തര ഉപകരണങ്ങളും ആധുനിക സാങ്കേതികവിദ്യകളുമുണ്ടാകും. ഏറ്റവും പുതിയ ലാബറട്ടറികളും അടിയന്തര ചികിത്സാസൗകര്യങ്ങളും ഈ ആശുപത്രിയെ ഈ പ്രദേശത്തെ ഏറ്റവും മികച്ചതാക്കും. പെറ്റ് സ്‌കാൻ, ലിനാക് തുടങ്ങിയ സേവനങ്ങൾ അടുത്ത ഘട്ടത്തിൽ രോഗികൾക്ക് ലഭ്യമാക്കും. കാർഡിയാക് കെയർ, ട്രോമ കെയർ, ഓർത്തോപീഡിക്‌സ്, ന്യൂറോസയൻസ്, ഗാസ്‌ട്രോസയൻസ്, വൃക്ക തുടങ്ങിയ സ്‌പെഷ്യാലിറ്റികളും സബ് സ്‌പെഷ്യാലിറ്റികളുമായിരിക്കും അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന്റെ മുഖമുദ്ര.