ക്രെഡായ് സംസ്ഥാന സമ്മേളനം കൊച്ചിയിൽ

Posted on: November 24, 2016

credai-statecon-logo-big

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടൽ ലെ മെറിഡിയനിൽ നവംബർ 25, 26 തീയതികളിൽ നടക്കും. ക്രെഡായിയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ചാപ്റ്ററുകളിൽ നിന്നുള്ള 200 ൽ പരം പ്രമുഖ ഡെവലപ്പർമാർ പങ്കെടുക്കും.

‘ഉത്തരവാദിത്തപൂർണവും സുസ്ഥിരവുമായ വികസനം’ എന്നതായിരിക്കും സമ്മേളനത്തിലെ മുഖ്യപ്രമേയം. ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ, ജി എസ് ടിയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ടും നിർമാണ വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം, നിർമാണ മേഖലയിലെ സുരക്ഷിതത്വവും തൊഴിൽ വൈദഗ്ധ്യവും, സ്ഥാപന ചെലവും പദ്ധതി ചെലവും നിയന്ത്രിക്കൽ, ഓൺലൈൻ അപ്രൂവലിൽ ഐ ടി യുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും സമ്മേളനത്തിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകൾ നടക്കും. നോട്ട് നിരോധനം സൃഷ്ടിക്കുന്ന ആഘാതവും സമ്മേളനത്തിൽ ചർച്ചയാകും.

കെ പി എം ജിയായിരിക്കും പരിപാടിയുടെ വിജ്ഞാന പങ്കാളി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ പങ്കിനെക്കുറിച്ച് പഠനം നടത്തുന്നതിന് ക്രെഡായിയും കെ പി എം ജിയുമായി സമ്മേളനത്തിൽ ധാരണാപത്രം ഒപ്പുവെക്കും. ഓട്ടിസ് എലവേറ്റേഴ്‌സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർ.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ടെക്‌നിക്കൽ സെഷനുകളിലും പാനൽ ചർച്ചകളിലും സംസ്ഥാന തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി ടി കെ ജോസ് ഐഎഎസ്, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ഐ ടി സെക്രട്ടറി ശിവശങ്കർ ഐഎഎസ്, കെ എസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം ബീന ഐഎഎസ് എന്നിവർ പ്രസംഗിക്കും.

കെ പി എം ജിയെ പ്രതിനിധീകരിച്ച് ജയേഷ് കാരിയ, നീരജ് ബൻസാൽ, സച്ചിൻ മേനോൻ, അശുതോഷ് ഖാൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ക്രെഡായ് കേരള ചെയർമാൻ ഹസീബ് അഹമ്മദ്, നാഷണൽ വൈസ് പ്രസിഡണ്ട് രഘുചന്ദ്രൻ നായർ, കോൺഫറൻസ് ചെയർമാൻ എം വി ആന്റണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.