കാൺപൂർ ട്രെയിൻ അപകടം മരണം 115 ആയി

Posted on: November 20, 2016

patna-indore-exp-mishap-b

കാൺപൂർ : കാൺപൂർ ട്രെയിൻ അപകടം മരണം 115 ആയി. ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റു. പാളത്തിൽ വിള്ളലുണ്ടായതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളംതെറ്റിയത്. എസ് 1, എസ് 2 എസ് 3, എസ് 4 എന്നീ സ്ലീപ്പർകോച്ചുകൾ ചതഞ്ഞരഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ കാൺപൂരിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

വിദഗ്ധ ഡോക്ടർമാരടങ്ങിയ വൈദ്യസംഘത്തെയും റെയിൽവേ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി സുരേഷ് പ്രഭു സംഭവസ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടവരെക്കുറിച്ച് വിവരം നൽകാൻ റെയിൽവേ ഹെൽപ്‌ലൈൻ തുറന്നു. പാറ്റ്‌ന – 06122202290, 06122202291, 06122202292, 02583288, ഇൻഡോർ – 0741 1072, കാൺപൂർ – 05121072, പുക്രയാൻ – 05113270239

യുപിയിലെ കാൺപൂരിൽ നിന്ന് നൂറുകിലോമീറ്റർ അകലെ പുക്രയാനിൽ പുലർച്ചെ 3.10 നാണ് പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് പാളം തെറ്റിയത്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ രാവിലെ ആറുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്.