കാൺപൂർ ട്രെയിൻ അപകടം മരണം 100 ആയി

Posted on: November 20, 2016

patna-indore-express-big-d

കാൺപൂർ : കാൺപൂർ ട്രെയിൻ അപകടം മരണം 100 ആയി. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. എസ് 1, എസ് 2 എന്നീ സ്ലീപ്പർകോച്ചുകൾ ചതഞ്ഞരഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ കാൺപൂരിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

വിദഗ്ധ ഡോക്ടർമാരടങ്ങിയ വൈദ്യസംഘത്തെയും റെയിൽവേ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ 30 ആംബുലൻസുകൾ സംഭവസ്ഥലത്ത് സജ്ജമാണ്. രക്ഷാപ്രവർത്തകർ തകർന്ന ബോഗികൾ പരിശോധിച്ചുവരികയാണ്. അപകട കാരണം അറിവായിട്ടില്ല. റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി സുരേഷ് പ്രഭു സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടവരെക്കുറിച്ച് വിവരം നൽകാൻ റെയിൽവേ ഹെൽപ്‌ലൈൻ തുറന്നു. പാറ്റ്‌ന – 06122202290, 06122202291, 06122202292, 02583288, ഇൻഡോർ – 0741 1072, കാൺപൂർ – 05121072, പുക്രയാൻ – 05113270239

യുപിയിലെ കാൺപൂരിൽ നിന്ന് നൂറുകിലോമീറ്റർ അകലെ പുക്രയാനിൽ ഇന്നു പുലർച്ചെ 3.10 നാണ് പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസിന്റെ 14 ബോഗികൾ പാളം തെറ്റിയത്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ രാവിലെ ആറുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്.